ന്യൂഡല്‍ഹി: വിജയ് നയകനായ ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി. സിനിമയെ പിന്തുണച്ച് എക്‌സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
‘ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്രമിക്കുന്നു. ഈ ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണ്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ മോദിക്ക് വിജയിക്കാന്‍ കഴിയില്ല’- രാഹുല്‍ കുറിച്ചു. സിനിമയുടെ റിലീസ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ജനനായകന്‍’ സിനിമയുടെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് നല്‍കിയ റിലീസ് അനുമതിയാണ് ഈ മാസം ഒമ്പതിന് സ്റ്റേ ചെയ്തത്. ഒമ്പതിന് സിനിമ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഇത്. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീലിലായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍.
രാഷ്ട്രീയത്തില്‍ പ്രവേശിച്ച നടന്‍ വിജയ്യുടെ അവസാന ചിത്രമായ ‘ജനനായകന്’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളാണ് വിനയായത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോയതോടെ തിരിച്ചടിയുണ്ടാവുകയായിരുന്നു.