ടോക്യോ: മാരകമായ നിപ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിച്ച് ജപ്പാന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. ടോക്യോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്സിന്‍ വികസിപ്പിച്ചത്. വരുന്ന ഏപ്രില്‍ മാസത്തോടെ മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് ജപ്പാനിലെ നിക്കെയ് ഏഷ്യ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെല്‍ജിയത്തിലാണ് മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഒന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 60 പേരെയാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ 18 മുതല്‍ 55 വയസുവരെ പ്രായമുള്ള 300 പേര്‍ പങ്കാളികളാകും.
നിലവില്‍ നിപ വൈറസിനെ പ്രതിരോധിക്കാന്‍ ലൈസന്‍സുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിപ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരു ഭാഗം മീസില്‍സ് വൈറസിലേക്ക് ചേര്‍ത്താണ് പുതിയ വാക്സിന്‍ വികസിപ്പിച്ചതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
മനുഷ്യ ശരീരത്തില്‍ വാക്സിന്‍ പ്രവേശിക്കുമ്പോള്‍ നിപ വൈറസിന് സമാനമായ ആന്റിജന്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടും. ഇതിലൂടെ യഥാര്‍ത്ഥ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാനും രോഗതീവ്രത കുറയ്ക്കാനും രോഗത്തെ പ്രതിരോധിക്കാനും കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
എലികളില്‍ നടത്തിയ മുന്‍ പരീക്ഷണങ്ങളില്‍ വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതായി വാക്സിന്‍ വികസിപ്പിച്ച ഗവേഷകര്‍ അറിയിച്ചു.
ജനുവരിയില്‍ പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാനില്‍ നിന്നുള്ള വാക്സിന്‍ പരീക്ഷണ വാര്‍ത്ത പുറത്തുവരുന്നത്. പശ്ചിമബംഗാളില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളുമായി സമ്പര്‍ക്കത്തില്‍ വന്ന 196 പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
മൃഗങ്ങളില്‍ നിന്നു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്ന നിപ വൈറസ് കേരളത്തില്‍ ആദ്യമായി മനുഷ്യരില്‍ സ്ഥിരീകരിച്ചത് 2018-ല്‍ കോഴിക്കോട് പേരാമ്പ്രയിലാണ്. ഇതുവരെ കേരളത്തില്‍ 21 പേര്‍ നിപ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.
തൊണ്ട, മൂക്ക് എന്നിവയില്‍ നിന്നുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡ് എന്നിവയില്‍ നിന്ന് റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ഞഠജഇഞ) പരിശോധനയിലൂടെയാണ് നിപ വൈറസിനെ തിരിച്ചറിയുന്നത്. എലിസ (ഋഘകടഅ) പരിശോധനയിലൂടെയും രോഗനിര്‍ണയം സാധ്യമാണ്. മരണസാധ്യത കൂടുതലുള്ള വൈറസായതിനാല്‍ നിപയെ അതീവ ജാഗ്രതയോടെയാണ് നേരിടേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിപ രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ സാധാരണയായി 4 മുതല്‍ 14 ദിവസം വരെയെടുക്കും. ചിലപ്പോള്‍ ഇത് 21 ദിവസം വരെയാകാനും സാധ്യതയുണ്ട്.
പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കാണപ്പെടാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോമ അവസ്ഥയിലേക്കെത്താനുള്ള സാധ്യതയുമുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും ശ്വാസകോശത്തെ ബാധിക്കാനും നിപ വൈറസിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.