india

സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികള്‍ക്ക് നേരെ അധിക്ഷേപം

By sreenitha

December 29, 2025

വാരണാസി: ക്രിസ്മസ് ദിനത്തില്‍ വാരണാസിയിലെ ദശാശ്വമേധ ഘട്ടില്‍ സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികളെ നാട്ടുകാര്‍ അപമാനിച്ചതായി പരാതി. ഗംഗാ നദി പോലുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികള്‍ ധരിച്ച വസ്ത്രങ്ങള്‍ അനാദരവാണെന്ന് ആരോപിച്ചാണ് ചില നാട്ടുകാര്‍ തടസം സൃഷ്ടിച്ചത്.

ഇതിനിടയില്‍ വിനോദസഞ്ചാരികള്‍ നദിയില്‍ മൂത്രമൊഴിച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപിച്ചു. എന്നാല്‍ ഇത്തരമൊരു ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം അന്വേഷിച്ച പൊലീസ് ഇത് തെറ്റിദ്ധാരണ മൂലമുണ്ടായ പ്രശ്നമാണെന്ന് വ്യക്തമാക്കി.

പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം മാപ്പ് പറയുകയും പരാതികളില്ലാതെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിനോദസഞ്ചാരികളോടുള്ള നാട്ടുകാരുടെ പെരുമാറ്റത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരോട് കാണിക്കേണ്ട പെരുമാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരണം ആവശ്യമാണെന്ന അഭിപ്രായവും ശക്തമാകുകയാണ്.