ത്വാഹിർ ഹമീദ്
ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ ഏറ്റവും പുതിയതും ഭയാനകവുമായ ഉദാഹരണമാണ് ഉത്തർപ്രദേശിലെ രാംപൂരിൽ സ്ഥിതിചെയ്യുന്ന മുഹമ്മദ് അലി ജൗഹർ സർവകലാശാലയ്ക്ക് നേരെ ഉയർന്നിരിക്കുന്ന ഭരണകൂട ഭീഷണി. അറിവിന്റെയും പുരോഗതിയുടെയും പ്രതീകമാകേണ്ട ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ, കേവലം രാഷ്ട്രീയ വിരോധത്തിന്റെയും അതിലുപരിയായി ഒരു പ്രത്യേക സമുദായത്തോടുള്ള അടങ്ങാത്ത പകയുടെയും പേരിൽ തകർക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സർവകലാശാലയിലെ ആകെയുള്ള നാല്പത് കെട്ടിടങ്ങളിൽ മുപ്പത്തിയെട്ടും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് രാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റി പുറപ്പെടുവിച്ച പൊളിക്കൽ ഉത്തരവ്, യോഗി ആദിത്യനാഥ് സർക്കാരിന്റെ ‘ബുൾഡോസർ രാജ്’ എന്ന ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖം മാത്രമാണ്. ഓഗസ്റ്റ് 5-നകം കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം ബുൾഡോസറുകൾ ഉപയോഗിച്ച് സർക്കാർ തന്നെ അത് പൊളിക്കുമെന്നും അതിന്റെ ചിലവ് സർവ്വകലാശാലയിൽ നിന്ന് ഈടാക്കുമെന്നുമായിരുന്നു ഭീഷണി. അലഹബാദ് ഹൈക്കോടതിയിൽ നിന്നും ഈ വിഷയത്തിൽ സർവകലാശാലയ്ക്ക് തിരിച്ചടിയുണ്ടായെങ്കിലും, മുറാദാബാദ് ഡിവിഷണൽ കമ്മീഷണറുടെ കോടതി നൽകിയ താൽക്കാലിക സ്റ്റേ മാത്രമാണ് ഇപ്പോൾ ആശ്വാസമായിട്ടുള്ളത്. എന്നാൽ, ഈ താൽക്കാലിക ആശ്വാസത്തിനപ്പുറം, ഈ വിഷയം മുന്നോട്ടുവെക്കുന്ന സങ്കീർണ്ണമായ ചില യാഥാർത്ഥ്യങ്ങളുണ്ട്; അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഈ ഭരണകൂട വേട്ടയുടെ സാങ്കേതികവും നിയമപരവുമായ വശങ്ങൾ പരിശോധിക്കുമ്പോൾ തന്നെ ഇതിലെ ഗൂഢലക്ഷ്യങ്ങൾ വ്യക്തമാകും. യു.പി. അർബൻ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ആക്ട് 1973 ലെ സെക്ഷൻ 27(1) പ്രകാരമാണ് രാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റി സർവകലാശാലയ്ക്ക് നോട്ടീസ് നൽകിയത്. മെഡിക്കൽ കോളേജ്, അക്കാദമിക് ബ്ലോക്ക് എന്നിവയ്ക്ക് മാത്രമേ കൃത്യമായ അനുമതിയുള്ളൂ എന്നും, ബാക്കിയുള്ള മുപ്പത്തിയെട്ട് കെട്ടിടങ്ങൾക്കും അംഗീകൃത പ്ലാൻ ഇല്ലെന്നുമാണ് അതോറിറ്റിയുടെ കണ്ടുപിടുത്തം. എന്നാൽ വസ്തുതകൾ മറ്റൊന്നാണ്. 2005 ഏപ്രിൽ 15-നാണ് രാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകൃതമാകുന്നത്. 2006-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട സർവകലാശാലയുടെ നിർമ്മാണ സമയത്ത് ഈ സിംഗൻഖേര പ്രദേശം പൂർണ്ണമായും രാംപൂർ ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു. സ്വാഭാവികമായും ആ സമയത്ത് രാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമില്ലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ കാലത്ത് പഞ്ചായത്ത് അധികൃതരിൽ നിന്ന് കൃത്യമായ അനുമതി വാങ്ങിയാണ് നിർമ്മാണം തുടങ്ങിയത്. യു.പിയിൽ സ്വകാര്യ സർവകലാശാലാ നിയമം (Private Universities Act) പാസാകുന്നത് തന്നെ 2019-ലാണ്; അതായത് സർവകലാശാല സ്ഥാപിതമായി 13 വർഷങ്ങൾക്ക് ശേഷം. പിന്നീട് കാലങ്ങൾക്കിപ്പുറം ഭൂമിയുടെ അധികാരപരിധി മാറിയതിന്റെ പേരിൽ, മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ അടിച്ചേൽപ്പിച്ച് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു സർവകലാശാലാ സമുച്ചയം അനധികൃതമാണെന്ന് പ്രഖ്യാപിക്കുന്നത് നിയമവാഴ്ചയോടുള്ള കൊഞ്ഞനംകുത്തലാണ്. ഏത് നിയമലംഘനത്തിനും രാജ്യത്ത് കൃത്യമായ നടപടിക്രമങ്ങളുണ്ട്. കെട്ടിട നിർമ്മാണത്തിൽ എന്തെങ്കിലും അപാകതകളോ പ്ലാനിൽ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ തന്നെ, അത് പിഴ അടച്ച് ക്രമവൽക്കരിക്കുകയോ മറ്റ് നിയമപരമായ പോംവഴികൾ തേടുകയോ ചെയ്യുക എന്നതാണ് ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. അതിന് പകരം, ഒരു സുപ്രഭാതത്തിൽ ബുൾഡോസറുകളുമായി വന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ഇടിച്ചുനിരത്താൻ ശ്രമിക്കുന്നത് കേവലം നിയമം നടപ്പിലാക്കലാണെന്നു പറഞ്ഞു സാധൂകരിക്കാനാവതല്ല. തികഞ്ഞ അഹങ്കാരവും അധികാര ദുർവിനിയോഗവുമാണത്.
ഈ വിഷയത്തെ കേവലമൊരു നിയമപ്രശ്നമായി മാത്രം കാണാൻ കഴിയില്ല. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയവും വംശീയവുമായ അജണ്ടകളുണ്ട്. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ നേതൃത്വത്തിൽ 2003-ൽ രൂപീകരിച്ച മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റ് ആണ് ഈ സർവകലാശാല സ്ഥാപിച്ചത്. യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ അസം ഖാനെതിരെ നിരന്തരമായ വേട്ടയാടലുകളാണ് നടക്കുന്നത്. അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നതിനൊപ്പം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെട്ടിപ്പടുത്ത ഒരു വിദ്യാഭ്യാസ സാമ്രാജ്യത്തെ തകർക്കുക എന്നത് ഭരണകൂടത്തിന്റെ വലിയൊരു ആവശ്യമാണ്. അദ്ദേഹത്തോടുള്ള ഈ ശത്രുത തീർക്കാൻ സർക്കാർ തിരഞ്ഞെടുക്കുന്ന വഴി എത്രത്തോളം വിനാശകരമാണെന്ന് യു.പിയുടെ വിദ്യാഭ്യാസ പശ്ചാത്തലം പരിശോധിച്ചാൽ മനസ്സിലാകും. ഏകദേശം 24 കോടി ജനങ്ങളുള്ള, വിസ്തൃതിയിൽ ഇന്ത്യയിലെ നാലാമത്തെ വലിയ സംസ്ഥാനമായ യു.പിയിൽ ആകെയുള്ളത് 36 സർക്കാർ സർവകലാശാലകളും 35 സ്വകാര്യ സർവകലാശാലകളും മാത്രമാണ്. സംസ്ഥാനത്തെ 2.62 ലക്ഷം സ്കൂളുകളിൽ 86 ശതമാനവും പ്രൈമറി തലത്തിലുള്ളതാണ്; വെറും 12,164 എണ്ണം മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്നവ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത്രയും വലിയ പിന്നോക്കാവസ്ഥ നേരിടുന്ന ഒരു സംസ്ഥാനത്താണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ഇടിച്ചുനിരത്താൻ നോക്കുന്നത്.
അതിലുപരി, ഉത്തർപ്രദേശിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നായ രാംപൂരിൽ, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിൽ ജൗഹർ സർവകലാശാല വഹിക്കുന്ന പങ്ക് ചെറുതല്ല. ഒരു സമുദായം വിദ്യാഭ്യാസപരമായി മുന്നേറുന്നതിനെ ഭയപ്പെടുന്ന, അവരെ എക്കാലവും രണ്ടാം കിട പൗരന്മാരായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണ് ഈ സർവകലാശാലയ്ക്ക് നേരെയുള്ള ആക്രമണം. ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും തകർക്കുക എന്ന ആസൂത്രിത അജണ്ടയുടെ ഭാഗമായി മാത്രമേ ഈ നടപടിയെ വായിച്ചെടുക്കാൻ കഴിയൂ. അധികാരത്തിന്റെ ഗർവ്വിൽ എതിരാളികളുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്ന ‘ബുൾഡോസർ ജസ്റ്റിസ്’ എന്ന അപരിഷ്കൃത രീതി ഇന്ന് യു.പി സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. കോടതി വ്യവഹാരങ്ങളിൽ സർവകലാശാല നേരിടുന്ന പ്രതിസന്ധികളും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. അലഹബാദ് ഹൈക്കോടതി സർവകലാശാലയ്ക്ക് അനുകൂലമായി നിലപാട് എടുക്കാതിരുന്നത് രാംപൂർ അതോറിറ്റിയുടെ വാദങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നില്ല. മറിച്ച്, നിയമത്തിലെ ചില സാങ്കേതിക നൂലാമാലകളുടെ പേരിലായിരുന്നു. സർവകലാശാലയുടെ ഔദ്യോഗിക പ്രതിനിധിയോ രജിസ്ട്രാറോ അല്ല കോടതിയെ സമീപിച്ചത് എന്നതായിരുന്നു പ്രധാന തടസ്സം. മുഹമ്മദ് യൂസഫ് എന്നൊരു വ്യവസായി നൽകിയ ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അത്യന്തം ഗൗരവകരമായ ഒരു വിഷയത്തിൽ, കേവലം ഹർജിക്കാരന്റെ സാങ്കേതിക അർഹതയുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്നത് ആശങ്കാജനകമാണ്. ഇത്തരം സാങ്കേതികത്വങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ ബലിയാടാക്കപ്പെടുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ്. നിയമം മനുഷ്യർക്കും സമൂഹത്തിന്റെ നിലനിൽപ്പിനും വേണ്ടിയുള്ളതാകണം. അവിടെ നീതിയുടെ കണ്ണുകൾ സാങ്കേതികത്വത്തിന്റെ ഇരുട്ടിൽ കെട്ടിപ്പൂട്ടപ്പെടാൻ പാടില്ല. ഡിവിഷണൽ കമ്മീഷണറുടെ കോടതിയിൽ നിന്ന് ലഭിച്ച താൽക്കാലിക സ്റ്റേ ആശ്വാസകരമാണെങ്കിലും, ഭരണകൂടം തങ്ങളുടെ സർവ്വ സന്നാഹങ്ങളുമുപയോഗിച്ച് ഈ സ്ഥാപനത്തെ തകർക്കാൻ വീണ്ടും രംഗത്തുവരും എന്നത് ഉറപ്പാണ്.
ഏറ്റവും വേദനിപ്പിക്കുന്നതും ഗൗരവതരവുമായ കാര്യം ഈ നടപടി വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന ആഘാതമാണ്. യു.ജി.സി (UGC) അംഗീകാരത്തോടെ വളരെ പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഈ സർവകലാശാലയിൽ ഇന്ന് 16 ഡിപ്പാർട്ട്മെന്റുകളും 14 ഫാക്കൽറ്റികളും 55 അക്കാദമിക് സ്റ്റാഫുകളും ആയിരത്തോളം മറ്റ് ജീവനക്കാരുമുണ്ട്. മെഡിക്കൽ, എഞ്ചിനീയറിംഗ്, മാനവിക വിഷയങ്ങൾ ഉൾപ്പെടെ നിരവധി കോഴ്സുകൾ പഠിക്കുന്ന മൂവായിരത്തിലധികം വിദ്യാർത്ഥികളാണ് ഈ സർവകലാശാലയിലുള്ളത്. ഒരു സുപ്രഭാതത്തിൽ തങ്ങളുടെ ക്യാമ്പസ് മണ്ണോട് ചേരുമെന്ന വാർത്ത കേട്ട് വിറങ്ങലിച്ച് നിൽക്കുകയാണവർ. തങ്ങളുടെ കുറ്റമല്ലാത്ത കാരണങ്ങളുടെ പേരിൽ, രാഷ്ട്രീയക്കാരുടെ വടംവലികൾക്കിടയിൽ തങ്ങളുടെ ഭാവി ഇരുളടയുന്നത് നോക്കിനിൽക്കാൻ മാത്രമേ അവർക്ക് കഴിയുന്നുള്ളൂ. ഒരു വിദ്യാർത്ഥിക്ക് ലഭിക്കേണ്ട ഏറ്റവും വലിയ സുരക്ഷിതത്വം അവരുടെ വിദ്യാഭ്യാസ സ്ഥാപനമാണ്. ആ സുരക്ഷിതത്വത്തിന് മേലാണ് ഭരണകൂടം ബുൾഡോസർ കയറ്റാൻ ശ്രമിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാണ്. ആ അവകാശത്തെയാണ് ഇവിടെ നിർദയം റദ്ദാക്കപ്പെടുന്നത്. അസം ഖാൻ എന്ന വ്യക്തിയോട് സർക്കാരിന് വിയോജിപ്പുകളോ ശത്രുതയോ ഉണ്ടാകാം. എന്നാൽ അതിന്റെ പേരിൽ ഒരു തലമുറയുടെ മുഴുവൻ സ്വപ്നങ്ങൾക്ക് ചിതയൊരുക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാൻ കഴിയില്ല. ചുരുക്കത്തിൽ, മുഹമ്മദ് അലി ജൗഹർ സർവകലാശാലയ്ക്ക് നേരെയുള്ള ഈ നീക്കം കേവലം പ്രാദേശികമായ ഒരു പ്രശ്നമല്ല. ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾ മുഴുവൻ ഉണർന്നു ചിന്തിക്കേണ്ട ഗൗരവമേറിയ ഒരു വിഷയമാണിത്. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ നിയമത്തെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ഒരു സർവകലാശാലയുടെ കെട്ടിടങ്ങൾ അകാരണമായി പൊളിച്ചുമാറ്റുമ്പോൾ തകരുന്നത് ഇഷ്ടികകളും കോൺക്രീറ്റും മാത്രമല്ല, ഈ രാജ്യത്തെ നിയമവാഴ്ചയിലുള്ള സാധാരണക്കാരന്റെ വിശ്വാസം കൂടിയാണ്. ജനാധിപത്യ സംവിധാനത്തിൽ അറിവിന്റെ ദീപമേന്തേണ്ട സ്ഥാപനങ്ങൾക്ക് നേരെ ഭരണകൂടം തന്നെ ബുൾഡോസറുമായി രംഗത്തിറങ്ങുന്നത് ഭാവി സമൂഹത്തിന് നൽകുന്നത് വളരെ അപകടകരമായ സന്ദേശമാണ്. രാഷ്ട്രീയ പകപോക്കലുകളുടെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കുന്ന ഇത്തരം നടപടികൾക്കെതിരെ ജാഗ്രതയോടെയുള്ള പ്രതിരോധങ്ങൾ ഉയരേണ്ടതുണ്ട്.