ചെന്നൈ: ജയലളിതയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയില്‍ തമിഴകത്തെ നോട്ടമിട്ട് ബിജെപി. അണ്ണാ ഡിഎംകെയുമായി ബന്ധമുണ്ടാക്കി തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ അവസരം തേടുകയാണ് ബിജെപിയിപ്പോള്‍. ജയലളിതയെ പോലുള്ള ശക്തയായി വ്യക്തിയുടെ അഭാവം തമിഴ്‌നാട്ടില്‍ അനുകൂല സാഹചര്യമൊരുക്കിയേക്കുമെന്നാണ് ബിജെപി കരുതുന്നത്. ജയലളിത ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ തന്നെ ഇത്തരമൊരു നീക്കം ചെന്നൈയില്‍ നടന്നിരുന്നു. പനീര്‍സെല്‍വത്തിനു പകരം കാവല്‍ മുഖ്യമന്ത്രിയായി ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നേതൃത്വം ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് എല്ലാ ഒത്താശയും ചെയ്തത് കേന്ദ്ര മന്ത്രി വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തിലും. എന്നാല്‍ ഇത് ജയലളിതയുടെ ഉറ്റതോഴിയായ ശശികല എതിര്‍ത്തതോടെയാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്. ശശികലയെ അനുനയിപ്പിക്കാന്‍ സാധിക്കാത്തതാണ് ബിജെപിക്കു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2011 ഡിസംബറില്‍ വിശ്വാസവഞ്ചനയുടെ പേരില്‍ ശശികലയെ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും ജയലളിത പുറത്താക്കിയിരുന്നു. ഇതിനു പിന്നില്‍ ബിജെപി നേതൃത്വമായിരുന്നുവെന്നാണ് അഭ്യൂഹമുയര്‍ന്നിയിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കാര്യമായ അംഗബലമുള്ള എഐഎഡിഎംകെയെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ 1967ല്‍ അണ്ണാദുരൈ അധികാരത്തിലേറിയശേഷം തമിഴ്‌നാട്ടില്‍ ഒരു ദേശീയപാര്‍ട്ടിക്കും ഭരണ പങ്കാളിത്തം ലഭിച്ചിട്ടില്ല എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.