കൊച്ചി: നടിയോട് മേശമായി പെരുമാറിയെന്നകേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പൊലീസ്. ബോഡി ഡബ്ലിങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റങ്ങളായ പശ്ചാത്തലത്തിലാണ് ഒത്തുതീര്‍പ്പിന് കഴിയില്ലെന്ന് പൊലീസ് അറിയിച്ചത്. നടി പരാതി പിന്‍വലിച്ചാലും അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യം എറണാകുളം സെഷന്‍സ് കോടതിയെ അറിയിക്കും. അതേസമയം പരാതിയില്‍ നല്‍കിയിട്ടുള്ള പണമിടപാട് ഒത്തുതീര്‍പ്പാക്കാമെന്നും പൊലീസ് പറഞ്ഞു.
ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി തുടങ്ങി നാലു പ്രതികള്‍ക്കുമെതിരെ നല്‍കിയ പരാതി താന്‍ പിന്‍വലിക്കുകയാണെന്ന് നടി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.