ജിദ്ദയിൽ നിന്നു കരിപ്പൂരിലേക്കെത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. രാവിലെ 9.10ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.
വിമാനത്തിൽ 160 യാത്രക്കാരുണ്ടായിരുന്നു. ലാൻഡിങ് സമയത്ത് വിമാനത്തിന്റെ ടയറുകൾ പൊട്ടുകയും ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. യാത്രക്കാർ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. വിമാനത്തെ സുരക്ഷിതമായി യാത്ര തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിലേക്കെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.