kerala

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

By webdesk17

April 08, 2025

കോട്ടയം നാട്ടകത്ത് എംസി റോഡില്‍ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്‌നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്ന് വരുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് സംഭവ സ്ഥലത്തെത്തി ജീപ്പ് അപകടമേഖലയില്‍ നിന്നും നീക്കം ചെയ്തു. അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി പറഞ്ഞു. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.