ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തില്‍ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. സംഗീതജ്ഞന്‍ എ.ആര്‍ റ്ഹ്മാന്‍, തമിഴ് സിനിമാതാരങ്ങളായ ധനുഷ്, സൂര്യ, ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഇന്ന് ഏകദിന ഉപവാസ സമരമിരിക്കും. നിരോധനത്തിനെതിരെ മറീന ബീച്ചില്‍ പ്രതിഷേധം ശക്തമാവുകയാണ്.

പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ജെല്ലിക്കെട്ട് നിരോധനം നീക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇന്നോ നാളെയോ ഓര്‍ഡിനനന്‍സ് രാഷ്ട്രപതിക്കയക്കുമെന്ന് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം അറിയിച്ചു. കേന്ദ്രം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സമരം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിരോധനം നീക്കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്നോട്ടുള്ളൂവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് മൃഗസ്നേഹി സംഘടനകളുടെ പരാതിയെ തുടര്‍ന്ന് സുപ്രീം കോടതി വിലക്കുകയായിരുന്നു. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി തമിഴ്‌നാട്ടില്‍ പ്രതിഷേധം നടക്കുകയാണ്.