ചെന്നൈ: പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്നാട്ടിലെ മധുരയില്‍ ആണ് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായത്. ആദ്യ ദിനം തന്നെ ജെല്ലിക്കെട്ടില്‍ പരുക്കേറ്റവരുടെ എണ്ണം നൂറു കടന്നു. ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലിക്കെട്ടുകളിലാണ് കാളകളുടെ കുത്തേറ്റ് നിരവധി പേര്‍ ചികിത്സ തേടിയത്. ഇതില്‍ ഇരുപത് പേരുടെ നില ഗുരുതരമാണ്.

കാളകളെ കീഴടക്കാനിറങ്ങി കുത്തേറ്റു വീണ നൂറോളം പേരാണ് ചികിത്സയില്‍. ഇതില്‍ കാളക്കൊമ്പുകള്‍ ശരീരത്തില്‍ ആഴത്തില്‍ കയറിയവരുടെ നില ഗുരുതരമായി തുടരുകയാണ്. പാലമേട് ജെല്ലിക്കെട്ടില്‍ മാത്രം അഞ്ഞൂറ് കാളകളാണ് അണിനിരന്നത്.

ഏറ്റവുമധികം കാളകളെ കീഴടക്കുന്ന വീരന് ഓംനി വാന്‍ ആയിരുന്നു സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണമാലയും. ഇവിടെ ബിബിഎ ബിരുദധാരിയായ തിരുനാവക്കരശ് എന്ന യുവാവാണ് ജെല്ലിക്കെട്ടില്‍ വിജയിയായത്.

സുരിയൂര്‍, തിരുച്ചിറപ്പള്ളി, ശിവഗംഗ എന്നിവടങ്ങളിലും ജെല്ലിക്കെട്ട് നടന്നു. 2014 സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുകയായിരുന്നു.