വാഷിങ്ടൺ: കരീബിയൻ രാജ്യമായ ക്യൂറസാവോയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന ജെറ്റ് ബ്ലു വിമാനം യു.എസ് എയർഫോഴ്സ് വിമാനവുമായി ഒരേപാതയിൽ എത്തിയതോടെ ഗുരുതര അപകടസാധ്യത ഉണ്ടായി. ജെറ്റ് ബ്ലു 1112 എന്ന വിമാനത്തിന്റെ പൈലറ്റ് സമയബന്ധിതമായി ഇടപെട്ടതാണ് ദുരന്തം ഒഴിവാക്കിയത്.
ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രണ്ട് വിമാനങ്ങളും ഏകദേശം അഞ്ച് മൈൽ മാത്രം അകലെ ഒരേ പാതയിൽ എത്തിയതായി റിപ്പോർട്ടുണ്ട്. അപകടസാധ്യത തിരിച്ചറിഞ്ഞ ഉടൻ ജെറ്റ് ബ്ലു പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ (ATC) വിവരം അറിയിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സംഭവം ഫെഡറൽ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തതായി ജെറ്റ് ബ്ലു അറിയിച്ചു. ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ കമ്പനി തയ്യാറാണെന്നും എല്ലാ അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ പൈലറ്റുകൾക്ക് കർശന പരിശീലനം നൽകിയിട്ടുണ്ടെന്നും ജെറ്റ് ബ്ലു വക്താവ് വ്യക്തമാക്കി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കാൻ പെന്റഗൺ ഇതുവരെ തയ്യാറായിട്ടില്ല. അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളുടെ അന്വേഷണങ്ങൾക്കും ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.
വേനസ്വേലൻ ആകാശപരിധിയിലും അതിന്റെ സമീപപ്രദേശങ്ങളിലും സൈനിക വിമാനങ്ങളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ യു.എസ് നൽകിയിരുന്നു.