ചെന്നൈ: തന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറെ പുറത്താക്കി ദലിത് ആക്ടിവിസ്റ്റും ഗുജറാത്ത് എം. എല്‍.എയുമായ ജിഗ്‌നേഷ് മേവാനി. ചെന്നൈയിലെ ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി  സംവദിക്കാനെത്തിയതായിരുന്നു ജിഗ്‌നേഷ്.

സംവാദത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ റിപ്പബ്ലിക് ടി.വിയുടെ മൈക്ക് കണ്ട് ജിഗ്‌നേഷ് പ്രകോപിതനായി. ‘ആരാണ് റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍? ഞാന്‍ റിപ്പബ്ലിക്കിനോട് സംസാരിക്കില്ല. മൈക്കെടുത്ത് പുറത്തുപോകൂ-അദ്ദേഹം പറഞ്ഞു. മറ്റു മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ണബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ചാനലിനോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്ന് ജിഗ്‌നേഷ് വ്യക്തമാക്കി. ഇതോടെ മറ്റു മാധ്യമ പ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി.