തൃശൂര്‍: നെഹ്‌റു കോളേജിലെ ഒന്നാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണയോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളേജിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ,കെഎസ്‌യു, എംഎസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി.

സമരം അക്രമാസക്തമായതോടെ വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുകയും ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. പോലീസിന് ഇവരെ നിയന്ത്രിക്കാനായില്ല. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥക്കുശേഷം കോളേജ് ഇപ്പോള്‍ ശാന്തമായിരിക്കുകയാണ്. പ്രതിഷേധം ഭയന്ന് കോളേജ് ഇന്ന് മുതല്‍ അടിച്ചിട്ടിരിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് നാദാപുരം സ്വദേശിയായ ജിഷ്ണു പ്രണയോയിയെ(18) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചതിന് വിദ്യാര്‍ത്ഥിക്ക് താക്കീത് നല്‍കി വിടുകയായിരുന്നുവെന്നാണ് മാനേജ്മെന്റ് വാദം. എന്നാല്‍ ജിഷ്ണുവിന്റെ മൃതദേഹം പകര്‍ത്തിയ വീഡിയോയില്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റതായി പാടുകളുണ്ട്. മൂക്കിന്റെ വലതുഭാഗത്ത് മര്‍ദ്ദനമേറ്റ് രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഉള്ളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ശരീരത്തില്‍ മുഴുവനായി കാണുന്ന മര്‍ദ്ദനത്തിന്റെ പാടുകളാണ് പ്രതിഷേധം വ്യാപകമാവുന്നതിന് കാരണമായത്.