ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിയുടെ തിരോധാന വാര്‍ത്തയില്‍ വീണ്ടും കലുഷിതമായി ജെ.എന്‍.യു. ക്യാമ്പസില്‍ നിന്നും ഗവേഷണ വിദ്യാര്‍ഥിയെ കാണാതായതാണ് ജെ.എന്‍.യുവിനെ വീണ്ടും തിരോധാന വിവാദത്തില്‍ എത്തിച്ചിരിക്കുന്നത്. ജീവശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയായ മുകുള്‍ ജയിന്‍ ആണ് ഇത്തവണ കാണാതായിരിക്കുന്നത്. ജനുവരി എട്ടിന് ഉച്ചയ്ക്കു ശേഷമാണ് മുകുലിനെ കാണാതാവുന്നത്. ജെ.എന്‍.യുവിന്റെ കിഴക്കേ ഗൈറ്റ് വഴി മുകുല്‍ ക്യാമ്പസിന്റെ പുറത്തേക്ക് പോകുന്നത് വിദ്യാര്‍ത്ഥികള്‍ കണ്ടതായാണ് വിവരം.


ഉച്ചക്ക് 12 മണി വരെ ലാബിലായിരുന്ന ജെയ്ന്‍, 12.30തോടെ പുറത്തുപോകുന്നത് സിഎന്‍ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം വരെ ജയിന് വീട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ലെന്ന് കുടുംബങ്ങള്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ക്യാമ്പസിന്റെ നാലാം ഗേറ്റ് വഴി ജയിന്‍ പുറത്തേക്ക് പോകുന്നത് കണ്ടെത്തുകയായിരുന്നു.

2016 ഒക്ടോബര്‍ 15 നാണു നജീബ് അഹമ്മദിനെ ജെംഎന്‍യുവില്‍ നിന്നും കാണാതായത്. എബിവിപിയുമായുണ്ടായ ചില പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ മാഹി മാണ്ഡവിയ ഹോസ്റ്റലില്‍ നിന്നും എം.എസ്.സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ കാണാതാവുകയായിരുന്നു. നജീബിനെ കണ്ടെത്തുന്നതില്‍ ഡല്‍ഹി പൊലീസ് പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ കേസ് ഇപ്പോള്‍ സിബിഐയുടെ അന്വേഷണത്തിലാണ്.