india

മലയാളി സമ്പന്നരുടെ പട്ടികയില്‍ ജോയ് ആലുക്കാസ് ഒന്നാമന്‍, യൂസുഫലി രണ്ടാം സ്ഥാനത്ത്

By webdesk17

September 12, 2025

കൊച്ചി: ഫോബ്സിന്റെ റിയല്‍ ടൈം ബില്യണയേഴ്‌സ് ലിസ്റ്റില്‍ മലയാളികളില്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ജോയ് ആലുക്കാസ്. 6.7 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ അദ്ദേഹം 566-ാം സ്ഥാനത്താണ്. 5.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 749-ാം സ്ഥാനത്തെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി രണ്ടാമതും, 4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 998-ാം സ്ഥാനത്തെത്തിയ ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍കിയും പട്ടികയില്‍ മൂന്നാമതുമാണ്.

3.9 ബില്യണ്‍ ഡോളറുമായി ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 1015-ാം സ്ഥാനത്തും, കല്യാണ്ജ്വല്ലേഴ്സ് എം.ഡി. ടി.എസ്. കല്യാണരാമന്‍ 1102-ാം സ്ഥാനത്തും, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 1165-ാം സ്ഥാനത്തും, കെയ്ന്‍സ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണന്‍ 1322-ാം സ്ഥാനത്തുമാണ്.

ന്യൂയോര്‍ക്കില്‍, ലോക സമ്പന്നരുടെ പട്ടികയില്‍ വന്‍ മാറ്റം: ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍, 393 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനെ മറികടന്ന് ഒന്നാമനായി. 385 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ഒറാക്കിള്‍ ഓഹരിവില കുതിച്ചുയര്‍ന്നതാണ് എലിസണെ മുന്നിലെത്തിച്ചത്. ഒരു വര്‍ഷത്തോളം ഒന്നാം സ്ഥാനത്ത് നിലനിന്ന മസ്‌ക് ഇപ്പോള്‍ രണ്ടാമതാണ്.

81 കാരനായ എലിസണ്‍, ഒറാക്കിളിന്റെ ചെയര്‍മാനും ചീഫ് ടെക്നോളജി ഓഫിസറുമാണ്. ക്ലൗഡ് സേവനങ്ങള്‍ക്ക് ഉണ്ടായ വലിയ ആവശ്യം ഓഹരികള്‍ക്ക് 45% ഉയര്‍ച്ച നല്‍കുകയും പിന്നീട് വീണ്ടും 41% കൂടി ഉയരുകയും ചെയ്തതായി റിപ്പോര്‍ട്ട്. മറുവശത്ത് ടെസ്ല ഓഹരികള്‍ക്ക് ഈ വര്‍ഷം 13% ഇടിവുണ്ടായി.