ബിജെപി എംപിയടക്കം പ്രതിയായ മലേഗാവ് സ്‌ഫോടന കേസില്‍ ജഡ്ജിക്ക് വീണ്ടും സ്ഥലംമാറ്റം. ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ വിധി പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എ.കെ ലാഹോട്ടിയെ സ്ഥലംമാറ്റിയത്. നാസിക്കിലേക്കാണ് സ്ഥലംമാറ്റം. ജില്ലാ ജഡ്ജിമാരുടെ വാര്‍ഷിക ജനറല്‍ ട്രാന്‍സ്ഫറില്‍ ഉള്‍പ്പെടുത്തിയാണ് സ്ഥലം മാറ്റിയത്.
2008ല്‍ നടന്ന സ്‌ഫോടനക്കേസില്‍ 17 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ജഡ്ജിമാരെ സ്ഥലംമാറ്റുന്നത്. ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് ലാഹോട്ടിയടക്കമുള്ള ജഡ്ജിമാരെ സ്ഥലംമാറ്റി ഉത്തരവിട്ടത്. സ്ഥലംമാറ്റം വേനല്‍ക്കാല അവധിക്ക് ശേഷം ജൂണ്‍ ഒമ്പതിന് കോടതികള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രാബല്യത്തില്‍ വരും.
ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍, ലെഫറ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധായ്, അജയ് രഹിര്‍കാര്‍, സുധാകര്‍ ദ്വിവേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ യുഎപിഎ, ഐപിസി വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ജഡ്ജിയെ സ്ഥലംമാറ്റിയത് നീതിയെ കൂടുതല്‍ വൈകിപ്പിക്കുമെന്ന് സ്‌ഫോടനത്തിന്റെ ഇരകള്‍ പറയുന്നു. ‘ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഞങ്ങള്‍. വിധി പറയുംവരെ ജഡ്ജിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു’- ഇരകളുടെ അഭിഭാഷകന്‍ ഷാഹിദ് നദീം പറഞ്ഞു.
ശനിയാഴ്ച നടന്ന അവസാന വാദം കേള്‍ക്കലില്‍, ഏപ്രില്‍ 15നകം ബാക്കി വാദങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജഡ്ജി ലഹോട്ടി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിര്‍ദേശിച്ചിരുന്നു. അടുത്ത ദിവസം വിധി പറയാന്‍ കേസ് മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിഭാഗം അഭിഭാഷകരിലൊരാള്‍ പറഞ്ഞു.
2008 സെപ്തംബര്‍ 29നാണ് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 323 സാക്ഷികളെയും പ്രതിഭാഗം എട്ട് പേരെയും വിസ്തരിച്ചു. 2011ല്‍ എന്‍ഐഎയ്ക്ക് കൈമാറുംമുമ്പ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്.