ന്യൂഡല്‍ഹി: ബീഫ് തീനിയെന്നു വിളിച്ച് ജുനൈദ്ഖാന്‍ എന്ന പതിനാറുകാരനെ നിഷ്ഠുരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെയാണ് മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ സ്വദേശത്തേക്കുള്ള തീവണ്ടി യാത്രയ്ക്കിടെയാണ് ജുനൈദ് ഖാന്‍ ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഫരീദാബാദ് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ പൊലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളെ നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ തെളിവു നല്‍കാന്‍ ആരും തയാറാകാതിരുന്ന സാഹചര്യത്തില്‍ ജുനൈദിന്റെ സഹോദരന്‍ ഹസീബിന്റെയും മറ്റു രണ്ട് ബന്ധുക്കളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഹരിയാന പൊലീസ് കേസന്വേഷണവുമായി മുന്നോട്ടു പോയിരുന്നത്.