തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അംഗം ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ മാര്‍ച്ച് അഞ്ചിന് വിരമിക്കുന്നതോടെ മാര്‍ച്ച് ആറിന് ജസ്റ്റിസ് ധര്‍മാധികാരി പുതിയ ചുമതലയേല്‍ക്കും.
സിനിമയുടെ പ്രദര്‍ശനം 15 ദിവസത്തേക്ക് തടഞ്ഞ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിര്‍മാതാവ് നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെതിരെയുള്ള ഹര്‍ജികള്‍ ‘പൊതുതാല്‍പര്യ ഹര്‍ജി’യുടെ സ്വഭാവമുള്ളതാണെന്നും, സിംഗിള്‍ ബെഞ്ച് ഇത് എങ്ങനെ പരിഗണിച്ചെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. നിലവില്‍ സിനിമയുടെ സ്റ്റേ നീക്കാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
സിനിമ സാമുദായിക ഐക്യത്തെ ബാധിക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് കൃത്യമായ പരിശോധന നടത്തിയില്ലെന്നുമാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നത്. ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.