ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാത്തവരോട് പകപോക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം തുടരുന്നു. സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റി താഴ്ത്തി അപമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് ശേഷമാണ് കെ.എം ജോസഫിന്റെ പേരുള്ളത്.

സംഭവത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് ജഡ്ജിമാര്‍ പ്രതിഷേധമറിയിക്കും. കെ.എം ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ആവശ്യപ്പെടാനാണ് ജഡ്ജിമാരുടെ തീരുമാനം.

ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ മടക്കി അയച്ചിരുന്നു. കൊളീജിയം ശുപാര്‍ശയില്‍ ഉറച്ച് നിന്നതോടെ ഒടുവില്‍ കേന്ദ്രസര്‍ക്കാറി കീഴടങ്ങേണ്ടിവരികയായിരുന്നു.

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടി ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.എം ജോസഫ് സ്റ്റേ ചെയ്തിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആസൂത്രിതമായി നടത്തിയ നീക്കത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായത് കേന്ദ്രസര്‍ക്കാറിനും അമിത് ഷാക്കും വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിലുള്ള വിരോധമാണ് കെ.എം ജോസഫിനെതിരെ നിലപാടെടുക്കാന്‍ കാരണം.