കോഴിക്കോട് : പാലക്കാട് വാളയാർ അട്ടപ്പുള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ ബാഗേലിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടു. കടുത്ത വംശവെറിയുടെ ഇരയാണ് രാംനാരായണൻ. ഏകദേശം രണ്ട് മണിക്കൂറോളമാണ് രാംനാരായണൻ ആൾക്കൂട്ട അക്രമണത്തിനിരയായത്. തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യഘട്ടത്തിൽ സ്വീകരിക്കാൻ വരെ കുടുംബം തയ്യാറായിരുന്നില്ല. 25 ലക്ഷം രൂപ നഷ്ടപരിഹാരവും എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം തുടങ്ങിയവയായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. എന്നാൽ സംസ്ഥാന സർക്കാറിൻ്റെ ഭാഗത്ത് നിന്നും പ്രഖ്യാപിക്കപ്പെട്ട സഹായം അപര്യാപ്തമാണെന്നും കുടുംബം ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
കേരളത്തിന് തീരാ കളങ്കമായി മാറിയ സംഭവത്തിലെ കുറ്റവാളികൾക്കെതിരെ കടുത്ത നടപടികളെടുക്കാനുള്ള ശ്രമമുണ്ടായിട്ടില്ല. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ഒരു യുവാവിനെ ഉത്തരേന്ത്യൻ മോഡൽ കൊലപാതകത്തിന് ഇരയാക്കിയ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ച് വരുന്നത്. കൊലചെയ്യപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിന് നീതി നൽകാനും ആവശ്യമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറായില്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.