കോഴിക്കോട്: കൊലപാതക കേസിനേക്കാള്‍ മാരകമാണ് മയക്കുമരുന്ന് കേസെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍. കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട സംഘമാണ് അതിനായി ശ്രമിക്കുന്നത്.
ലക്ഷങ്ങള്‍ കടം കൊടുക്കാന്‍ മാത്രമുള്ള വരുമാനം ബിനീഷ് കോടിയേരിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്. മയക്കുമരുന്ന് കേസില്‍ കര്‍ണാടകയില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണില്‍ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോയെന്നും മരുളീധരന്‍ ചോദിച്ചു.

മോദിക്കെതിരെ സിപിഎം നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ല. മയക്കുമരുന്ന് കേസില്‍ ബിനീഷിന്റെ പേരു കൂടി പറഞ്ഞ് കേള്‍ക്കുന്നതിനാല്‍ കോടിയേരി മുന്‍കൈ എടുത്ത് കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിക്കണം. വെഞ്ഞാറമൂട്, പൊന്യം ബോംബ് സ്‌ഫോടനം , മയക്കുമരുന്ന് കേസ് ഇതില്‍ മൂന്നിലും സര്‍ക്കാര്‍ നടപടി എടുക്കണം.

വെഞ്ഞാറമൂട് സംഭവം കൂടുതല്‍ സങ്കീര്‍ണ്ണമായി മാറുകയാണെന്നും രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന് തെളിഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു. വെഞ്ഞാറമൂട് കേസില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ തന്നെ വേണം.ഡിവൈഎഫ്‌ഐ നേതാവ് റഹീം പ്രതികളെ തീരുമാനിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. കോണ്‍ഗ്രസിന്റെ വനിത ജനപ്രതിനിധിയെ എന്തിനാണ് തടഞ്ഞത്. എന്തുകൊണ്ട് സിബിഐ അന്വേഷണം തടയുന്നു. നിഷ്പക്ഷ അന്വേഷണത്തെ സി പി എം നേതാക്കള്‍ തടയുകയാണ്. റൂറല്‍ എസ്പി അശോകന്‍ കളങ്കിതനായ ആളാണെന്നും ഇയാളെ കോടിയേരി ഇടപെട്ടാണ് നിയമിച്ചതെന്നും മുരളീധരന്‍ ആരോപിച്ചു.

നിയമവിദഗ്ദരുമായി ആലോചിച്ച് വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കും. വെഞ്ഞാറമൂട് പോയി കോണ്‍ഗ്രസുകാര്‍ ആട്ടിന്‍ തോലിട്ട ചെന്നായ് എന്ന് അഭിപ്രായപ്പെട്ടത് പി.ജയരാജനാണ്. ഏറ്റവും വലിയ പതിവ്രത എന്ന് വാസവദത്ത പറയും പോലെയാണ് പി ജയരാജന്‍ അഭിപ്രായപ്പെട്ടത്.

ബോംബ് നിര്‍മ്മാണം സിപിഎം കുടില്‍ വ്യവസായമാക്കിയതിന് തെളിവാണ് പാര്‍ട്ടി കേന്ദ്രത്തിലുണ്ടായ ബോംബ് സ്‌ഫോടനം. കോണ്‍ഗ്രസിന് തിരിച്ചടിക്കാനറിയാഞ്ഞിട്ടല്ല. സമാധാനം വേണമെന്നതിനാലാണ്. ഇതൊരു ദൗര്‍ബല്യമായി കരുതരുതെന്നും കെ.മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.