തിരുവനന്തപുരം: സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറിയ കെ.പി.സി.സി പട്ടികയ്‌ക്കെതിരെ കെ മുരളീധരനും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരന്‍ എം.എല്‍.എ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. 282 പേരുടെ പട്ടികയാണ് ഹൈക്കമാന്റിന് നല്‍കിയിരുന്നത്. പട്ടിക പുറത്തുവരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. പട്ടികയെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും മുരളീധരന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും രംഗത്തെത്തിയിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്നും വെറും ഗ്രൂപ്പ് താല്‍പ്പര്യം മാത്രമാണ് പട്ടിക തയ്യാറാക്കുമ്പോള്‍ നേതൃത്വം പരിഗണിച്ചതെന്നും പി.സി ചാക്കോയും ശശി തരൂരും അടക്കമുള്ള നേതാക്കളും കഴിഞ്ഞ ദിവസം ഹൈക്കമാന്റിനെ ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരനും പട്ടികയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇതോടെ കേരളത്തില്‍ നിന്നുള്ള കെ.പി.സി.സി പട്ടികയില്‍ തീരുമാനമാവുന്നത് നീളാനാണ് സാധ്യത. ഇത് കേരളത്തെ ഒഴിവാക്കിയുള്ള ഒരു തെരഞ്ഞെടുപ്പിലേക്ക് പോവുന്നതിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതിനാണ് സാധ്യത.