ന്യൂഡല്‍ഹി: മലപ്പുറം ജില്ലയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാര്‍ത്ഥ്യമാണന്നായിരുന്നു സുരേന്ദ്രന്റെ വാദം. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ ലീഗിന് അവകാശമില്ലെന്നും കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ശബരിമല വ്രതം നോല്‍ക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയന്‍ കച്ചവടമേ നടത്താന്‍ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയില്‍ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മള്‍ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാനെന്റെ അനുഭവം പറയുകയാണ്. ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ വാക്‌സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. രാമനാട്ടുകര മുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആര്‍ക്കും കിട്ടില്ല. പല സ്ഥലത്തും ഉച്ചക്കഞ്ഞി മുടങ്ങി, വലിയ പ്രക്ഷോഭങ്ങള്‍ വേണ്ടിവന്നു. നിര്‍ബന്ധിച്ചാണോ കടയടപ്പിക്കുന്നതെന്ന് ചോദിച്ചാല്‍ ആരും നിര്‍ബന്ധിക്കുന്നതായി കണ്ടിട്ടില്ല. പക്ഷെ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല. പുരോഗമന പാര്‍ട്ടികള്‍ തന്നെ രംഗത്ത് വന്ന് അതിനെതിരെയുള്ള സമീപനമെടുക്കണം. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ ലീഗിന് അവകാശമില്ല.
മലപ്പുറം ജില്ലയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്ക അവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.