നാലുദിവസമായി നടന്നു വരുന്നു സിപിഐ സംസ്ഥാനസമ്മേളനം ഇന്ന് മലപ്പുറത്ത് സമാപിക്കുംമ്പോള്‍ നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ പദവിയില്‍ തുടരും. 89 അംഗ സംസ്ഥാനകൗണ്‍സിലിനെയും ഇന്ന് തെരഞ്ഞെടുക്കും. വൈകിട്ട് പൊതു സമ്മേളനം നടക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.

മുഖ്യമന്ത്രി അടക്കം മന്ത്രിമാരേയും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെയും അതിനിശിതമായി വിമര്‍ശിച്ച സംസ്ഥാന സമ്മേളനം പക്ഷേ ശ്രദ്ധയാകര്‍ഷിച്ചത് മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിര അവതരിപ്പിച്ച കുറ്റപത്രത്തിലൂടെയാണ്. ഇസ്മയിലിന്റെ ചട്ട ലംഘനങ്ങള്‍ നിരത്തുന്ന കണട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്മേളന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതില്‍ വലിയ വിമര്‍ശനമുയര്‍ന്നു.

സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്ന് പ്രതിനിധി ചര്‍ച്ചയില്‍ പൊതുവുകാരമുയര്‍ന്നപ്പോള്‍ പ്രതിരോധത്തിലായത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടിരുന്നു. ഇതോടെ സി.പി.എമ്മുമായി നടന്നു കൊണ്ടിരിക്കുന്ന വിഴുപ്പലക്കുകള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് വ്യക്തമായി.