kerala

‘സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയെ ചോദ്യം ചെയ്യണം’; അന്വേഷണം വന്‍തോക്കുകളിലേക്ക് എത്തിയിട്ടില്ല: വി.ഡി. സതീശന്‍

By webdesk17

December 19, 2025

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഹൈകോടതി ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ചത് ശരിയാണെന്ന് അടിവരയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണെന്നും അതുകൊണ്ടാണ് അന്വേഷണം മന്ദഗതിയിലായതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയോ പ്രതി ചേര്‍ക്കുകയോ ചെയ്തില്ല. വന്‍ സ്രാവുകളിലേക്ക് നീങ്ങിയില്ല എന്നാണ് ഹൈകോടതി പറഞ്ഞത്. തെരഞ്ഞെടുപ്പ് സി.പി.എം പ്രതികൂട്ടിലാകുമെന്ന് അറിയാവുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി എസ്.ഐ.ടിക്ക് മീതെ സമ്മര്‍ദം ചെലുത്തിയത്. സ്വര്‍ണക്കൊള്ളയില്‍ വന്‍തുക കൈമാറ്റം ചെയ്തിട്ടുണ്ട്. രാജ്യാന്തര റാക്കറ്റ് ഇതിന്റെ പിന്നിലുണ്ട്. കേസില്‍ അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രതിപക്ഷ ഉന്നയിച്ച് എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് മുന്‍ ദേവസ്വം മന്ത്രിയെ ഉടന്‍ ചോദ്യം ചെയ്യണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ദ്വാരപാലക ശില്‍പം ചെന്നൈയില്‍ എത്താന്‍ ഒരു മാസവും ഒമ്പത് ദിവസവും വൈകിയത് വ്യാജനുണ്ടാക്കാന്‍ ആയിരിക്കുമെന്ന് ആദ്യം പ്രതിപക്ഷം സംശയം ഉന്നയിച്ചിരുന്നു.ഈ സംശയം ഹൈകോടതി പിന്നീട് ശരിവെച്ചെന്നും വി.ഡി. സതീശന്‍ പറഞ്ഞു.