തിരുവനന്തപുരം:  ശബരിമല യുവതി പ്രവേശനത്തില്‍ മുന്‍നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. സമരത്തിന്റെ ഭാഗമാണെങ്കില്‍ ശബരിമലയിലേക്ക് വരേണ്ടെന്നാണ് താന്‍ മുമ്പ് പറഞ്ഞതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ഇപ്പോള്‍ ദര്‍ശനം നടത്തിയവര്‍ അത്തരത്തിലുള്ളവരല്ല. ദര്‍ശനം നടത്തിയവര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടിയും എല്‍.ഡി.എഫും യുവതി പ്രവേശനത്തെ പിന്തുണച്ച ഘട്ടത്തില്‍ യുവതികള്‍ ശബരിമലയിലേക്ക് വരേണ്ടെന്ന കടംകപള്ളിയുടെ പ്രതികരണം ചര്‍ച്ചയായിരുന്നു.
തുടക്കം മുതല്‍ ശബരിമല വിഷയത്തില്‍ വ്യത്യസ്തമായ നിലപാടുകളാണ് ദേവസ്വം മന്ത്രി പറയുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കടകംപള്ളി വീണ്ടും നിലപാട് തിരുത്തിയത്.