kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ഉരുണ്ട് കളിച്ച് പൊലീസ്; അന്ത്യശാസനവുമായി കോടതി

By webdesk14

November 22, 2024

വടകരയിൽ തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വർഗ്ഗീയത ഊതിക്കത്തിക്കുന്ന തരത്തിൽ സി.പി.എമ്മുകാർ നിർമ്മിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പോലീസിന് അന്ത്യശാസനവുമായി കോടതി. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

നേരത്തേ കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപെട്ടിട്ടും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി പൊലീസിന് അന്ത്യശാസനം നൽകിയത്. ”അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട് യുവർ ഓണർ..” എന്ന ഒറ്റവരി മറുപടിയാണ് പ്രൊസിക്യൂഷൻ നൽകിയത്. കുറെ കാലമായി പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ വാചകങ്ങളാണ്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി പോലീസ്-സിപിഎം തിരക്കഥയിൽ എട്ട് മാസമായി ”പുരോഗമിക്കുന്ന” അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയും പൊതുജനവും അറിയട്ടെ എന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പ്രതികരിച്ചു.