മനുഷ്യാവകാശ, മാധ്യമ പ്രവര്‍ത്തകന്‍ നദീറിനെ (നദി) യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് കമല്‍ സി ചവറ ആസ്പത്രിയില്‍ നിരാഹാര സമരം ആരംഭിച്ചു.

ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കമല്‍ സിയെ ആസ്പത്രിയില്‍ സഹായിക്കാനെത്തിയപ്പോഴാണ് നദീറിനെ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. തന്നെ കാണാന്‍ വന്നതുകൊണ്ടാണ് നദീറിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് തയാറാകുന്നതു വരെ നിരാഹാരം തുടരുമെന്നും കമല്‍ സി ചവറ വ്യക്തമാക്കി.

കമല്‍ സി ചവറയുടെ ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളുണ്ടെന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്നാണ് എഴുത്തുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരിയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസ് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ബുക്ക്‌ഷെല്‍ഫും മറ്റും അലങ്കോലമാക്കുകയും ചെയ്തു. കോഴിക്കോട് അറസ്റ്റിലായ കമല്‍, തന്റെ നട്ടെല്ലൊടിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി പിന്നീട് വ്യക്തമാക്കി.