Film

ബോക്സ് ഓഫീസിൽ ‘കളങ്കാവൽ’ തരംഗം; അതിവേഗം 100 കോടി ക്ലബ്ബിലേക്ക്

By webdesk18

December 16, 2025

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ തരംഗം തീർക്കുന്നു. ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ അന്വേഷണാത്മക ക്രൈം ത്രില്ലർ വെറും 11 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 75.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി 2025-ലെ മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി പിന്നിടുമെന്നാണ് കരുതുന്നത്.റിലീസ് ദിനത്തിൽ 4.75 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ച ചിത്രം, ആദ്യ ആഴ്ചയിൽ തന്നെ 62.50 കോടി രൂപ സ്വന്തമാക്കിയിരുന്നു. വിദേശ വിപണിയിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ, ചിത്രത്തിന് ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് ഈ കുതിപ്പിന് കാരണം. പലപ്പോഴും കേരളത്തിലെ കളക്ഷനേക്കാൾ മികച്ച പ്രകടനമാണ് വിദേശ സെന്ററുകളിൽ ചിത്രം കാഴ്ചവെക്കുന്നത്. കേരളത്തിൽ ഇതിനകം 32.5 കോടിയാണ് കളക്ഷൻ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പ്രതിനായക ഛായയുള്ള മമ്മൂട്ടിയുടെ കഥാപാത്രവും വിനായകൻ അവതരിപ്പിക്കുന്ന പോലീസ് വേഷവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജിഷ വിജയൻ, ഗായത്രി അരുൺ എന്നിവരുടെ പ്രകടനങ്ങളും സാങ്കേതിക തികവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.