kerala

കോവിഡിനെ മറന്ന് കലോത്സവ നഗരി; മാസ്‌കുമില്ല, സാനിറ്റൈസറുമില്ല

By webdesk13

January 05, 2023

ആദില്‍ മുഹമ്മദ്

സ്‌കൂള്‍ കലോത്സവ ആഘോഷം കോഴിക്കോട് പൊടി പൊടിക്കുമ്പോള്‍ മത്സരാര്‍ത്ഥികളും കാണികളും ഉള്‍പ്പെടെ വലിയ ജനസമൂഹം കോവിഡിനെ മറന്ന സ്ഥിതിയാണ്. മാസ്‌കും സാനിറ്റൈസറും പോലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ തിരക്കിനിടയില്‍ ആരും കാര്യമായി എടുക്കുന്നില്ല.

ചൈനയിലടക്കം കോവിഡിന്റെ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തില്‍ കലോത്സവ വേദിയിലും മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി ഉള്‍പ്പെടെ വേദിയിലുള്ള ആരും തന്നെ മാസ്‌ക് ഇടാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.

മാസ്‌കും സാനിറ്റൈസറും ഉപേക്ഷിക്കാനുള്ള സമയം ഇതുവരെ കൈ വന്നിട്ടില്ലെന്നും നിലവില്‍ വിദേശ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ വകഭേദങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിരുന്നു.