Sports

കലൂര്‍ സ്റ്റേഡിയം നവീകരണത്തില്‍ കൂടുതല്‍ വീഴ്ച്ചകള്‍ പുറത്ത്; സീലിങ് തകര്‍ന്നു, പെയിന്റിങ് ഭാഗികം

By Akhila

February 24, 2026

കൊച്ചി: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പേരില്‍ സ്വകാര്യചാനല്‍ ഉടമയുടെ നേതൃത്വത്തില്‍ നവീകരിച്ചുവെന്ന് അവകാശപ്പെടുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കൂടുതല്‍ വീഴ്ച്ചകള്‍ പുറത്ത്. ശനിയാഴ്ച രാത്ര പെയ്ത മഴയില്‍ മേല്‍ക്കുരയുടെ ചോര്‍ച്ച പുറത്തായിരുന്നു. ഞായറാഴ്ച്ച കളി കാണാനെത്തിയ ആരാധകരും ‘നവീകരിച്ച’ സ്റ്റേഡിയം കണ്ട് അമ്പരന്നു !. സ്റ്റേഡിയത്തിനകത്ത് പലയിടത്തും പേരിനുമാത്രമാണ് പെയിന്റിങ് നടത്തിയിരിക്കുന്നത്. ഇതാകട്ടെ തൊഴിലാളികള്‍ക്ക് തോന്നിയ പോലെയാണ് ചെയ്തുവച്ചിരിക്കുന്നതെന്ന് ആരാധകര്‍ തന്നെ പറയുന്നു. നവീകരണത്തിന് ശേഷം സ്റ്റേഡിയത്തിനകത്തെ ശുചിമുറികളിലെ ലൈറ്റിങ് സംവിധാനവും ഇല്ലാതായി.

നേരത്തേ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്ന ശുചിമുറികളാണ് നവീകരണത്തിന് പിന്നാലൊലെ ഇരുട്ടിലായത്. ഞായാറാഴ്ച്ച സ്റ്റേഡിയത്തിലെത്തിയ ആരാധകരും മാധ്യമപ്രവര്‍ത്തരുമുള്‍പ്പെടെ മൊബൈല്‍ വെളിച്ചത്തിലാണ് ശുചിമുറി ഉപയോഗിച്ചത്. മീഡിയ റൂമിനകത്തെ സീലിങും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇതോടെ ഈ ഹാളിനകത്തെ ശീതീകരണ സംവിധാനവും പര്യാപ്തമല്ലാതായി. ശനിയാഴ്ച്ച മേല്‍ക്കുരയില്‍നിന്ന് ഇരിപ്പിടങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ചു വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അര്‍ജന്റീനയുടെ വരവിന്റെ പേരില്‍ സ്‌പോണ്‍സര്‍ നടത്തിയ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണ് സ്റ്റേഡിയത്തിനകത്ത് വന്‍ വീഴ്ച്ചകള്‍ കണ്ടത്തിയിരിക്കുന്നത്.

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം ലക്ഷ്യമിട്ട് ഏകദേശം 70 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നായിരുന്നു സ്‌പോണ്‍സറുടെ അവകാശവാദം. ടീം വരില്ലെന്ന് വ്യക്തമായതോടെ നവീകരണ ജോലികള്‍ പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. മേല്‍ക്കുര പോലും നന്നാക്കാന്‍ സ്‌പോണ്‍സര്‍ക്ക് കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായി. അറ്റകുറ്റപണികള്‍ പൂര്‍ണമായും നടത്താതെ സ്റ്റേഡിയത്തിന് അവസാന നിമിഷം നിശ്ചയിച്ചതിനേക്കാള്‍ വാടക വര്‍ധിപ്പിച്ച ജിസിഡിഎ അധികൃതരുടെ നടപടിയില്‍ കടുത്ത അതൃപ്തിയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. മറ്റു വഴികളില്ലാത്തതിനാല്‍ വിട്ടു വീഴ്ച്ചക്ക് തയാറായ ബ്ലാസ്റ്റേഴ്‌സ്, അടുത്ത സീസണില്‍ ഹോം ഗ്രൗണ്ട് മാറാനുള്ള ആലോചന നടപടികളിലേക്കും കടന്നിട്ടുണ്ട്. ഇതിനിടെ ശനിയാഴ്ച്ച ഗ്രൗണ്ട് പരിശോധിക്കാനെത്തിയ ടീം ഉടമയെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതും വിവാദമായിട്ടുണ്ട്.