ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നടന്‍ കമല്‍ഹാസന്റെ ട്വീറ്റ് വിവാദത്തില്‍. ജയലളിതയുടെ ആശ്രിതരോട് സഹതാപം എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. ആശ്രിതരോട് സഹതാപം എന്ന വാക്ക് പരിഹാസ രൂപേണയാണെന്നും മര്യാദയില്ലാത്തതാണെന്നും വിമര്‍ശം വന്നു. അറിവുണ്ടെങ്കിലും വാക്കില്‍ മര്യാദയില്ലെങ്കില്‍ എന്തു പ്രയോജനം എന്നായിരുന്നു ഒരാളുടെ ചോദ്യം.

കമലിന്റെ ആരാധകനായതില്‍ നാണക്കേട് തോന്നുന്നുവെന്നും അദ്ദേഹം കുറിക്കുന്നു. കമല്‍ഹാസനും ജയലളിതയും മുമ്പുണ്ടായിരുന്ന പിണക്കം സൂചിപ്പിച്ചായിരുന്നു പലരും വിമര്‍ശം ഉന്നയിച്ചത്. കമല്‍ഹാസന്റ വിശ്വരൂപം സിനിമയുടെ ബന്ധപ്പെട്ട വിവാദമാണ് ഇരുവരുടെയും പിണക്കത്തിന് കാരണം.

വിശ്വരൂപം നിരോധിച്ചാല്‍ തമിഴ്‌നാട് വിടുമെന്നും വൃത്തികെട്ട രാഷ്ട്രീയത്തിനിരയാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ജയക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ കമല്‍ഹാസന്‍ എത്തിയിട്ടില്ല.