തിരുവനന്തപുരം: തന്നെ പാക്കിസ്താനിലേക്ക് അയച്ചിട്ട് അവര്‍ ഈ രാജ്യത്ത് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സംവിധായകന്‍ കമല്‍. കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞ യുവമോര്‍ച്ചക്കാര്‍ക്ക് മറുപടി പറയുകയായിരുന്നു കമല്‍. ഇന്നലെ കമലിന്റെ കൊടുങ്ങല്ലൂരിലേക്ക് വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് വഴിയില്‍വെച്ച് തടഞ്ഞതുകൊണ്ട് റോഡില്‍ പ്രതിഷേധിച്ച് ദേശീയഗാനം ആലപിക്കുകയായിരുന്നു പ്രതിഷേധക്കാര്‍.

താന്‍ ദേശീയഗാനത്തെ അവഹേളിച്ചിട്ടില്ല. പോലീസ് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. താനൊരു ഇന്ത്യന്‍ പൗരനാണ്. തന്നെയൊക്കെ പാക്കിസ്താനിലേക്ക് അയച്ചിട്ട് ഇവരൊക്കെ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും കമല്‍ പറഞ്ഞു. അവര്‍ തന്നെ ലക്ഷ്യം വച്ചിട്ടുണ്ടോയെന്ന് അറിയില്ല. ഇത്രയൊക്കെ അവരുടെ ശത്രുവാക്കേണ്ട കാര്യമെന്താണെന്നും അറിയില്ലെന്നും കമല്‍ പറയുന്നു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദേശീയഗാനം ആലപിക്കുന്നതിനെ കമല്‍ എതിര്‍ത്തുവെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ റോഡില്‍ ദേശീയഗാനം ആലപിക്കുകയാണുണ്ടായത്. ഇതിനെതിരെ നല്‍കിയ പരാതിയില്‍ യുവമോര്‍ച്ചക്കാര്‍ നിന്നുകൊണ്ടാണ് ദേശീയഗാനം ആലപിച്ചതെന്നും അതുകൊണ്ട് കേസെടുക്കാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.