ബെംഗളൂരു: സാന്‍ഡല്‍വുഡിലെ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍. കേസില്‍ ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. നിരവധി മലയാള സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

ഇന്ന് രാവിലെയാണ് സേര്‍ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കേസിലെ നാലാം പ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും റെയ്ഡ് നടത്തിയെന്ന് സിസിബി.

കേസില്‍ ഇതുവരെ 13 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇതില്‍ ആറു പേര്‍ അറസ്റ്റിലായി. നേരത്തെ, സഞ്ജനയുടെ സുഹൃത്ത് രാഹുലും കേസില്‍ അറസ്റ്റിലായിരുന്നു.

സീരിയല്‍ നടി ഡി.അനിഖ, മലയാളികളായ അനൂപ് മുഹമ്മദ് , റിജേഷ് രവീന്ദ്രന്‍ എന്നിവരെ 21നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കന്നഡ സിനിമയും ലഹരിയുമായുള്ള ബന്ധത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കേസില്‍ ഒരു മലയാളി കൂടി അറസ്റ്റിലായിട്ടുണ്ട്. അഞ്ചുവര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന നിയാസാണ് അറസ്റ്റിലായത്. കന്നഡ ചലച്ചിത്രതാരങ്ങള്‍ക്ക് നിയാസ് ലഹരിമരുന്ന് കൈമാറിയെന്നാണു സൂചന. കേസില്‍ നേരത്തെ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രാഗിണിയെ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.