india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

By webdesk18

May 28, 2025

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.