ബംഗളൂരു: 2025ലെ കന്നട രാജ്യോത്സവ അവാര്‍ഡ് ലഭിക്കാനര്‍ഹരായ 70 പേരുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ഈ ബഹുമതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
പട്ടികയിലെ പ്രമുഖരില്‍ നടന്‍ പ്രകാശ് രാജ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.എം. ഹനീഫ്, എഴുത്തുകാരന്‍ റഹ്‌മത്ത് തരികെരെ, സാഹിത്യ നിരൂപകന്‍ രാജേന്ദ്ര ചെന്നി, എന്‍.ആ.ഐ സംരംഭകന്‍ സക്കറിയ ജോക്കാട്ടെ എന്നിവര്‍ ഉള്‍പ്പെടുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ”രാജ്യോത്സവ അവാര്‍ഡ്” (രാജ്യോത്സവ പ്രശസ്തി). സംസ്ഥാന രൂപവത്കരണ ദിനമായ നവംബര്‍ ഒന്നിന് ഈ അവാര്‍ഡ് സമ്മാനിക്കും.
പുരസ്‌കാരത്തില്‍ പട്ടം, 1 ലക്ഷം രൂപ, 25 ഗ്രാം സ്വര്‍ണ മെഡല്‍, സ്മാരകപ്പത്രം എന്നിവ ഉള്‍പ്പെടുന്നു.