News

നര്‍മ്മവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

By webdesk17

January 05, 2026

പാലക്കാട്: നടനുംനര്‍മ്മവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു ചലച്ചിത്ര പ്രവര്‍ത്തകനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.

സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണന്‍ പട്ടാമ്പി. മരണവിവരം മേജര്‍ രവി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

പുലിമുരുകന്‍, വെട്ടം, കിളിച്ചുണ്ടന്‍ മാമ്പഴം, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര എന്നിവ ഉള്‍പ്പെടെ 23ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നര്‍മ്മപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടനായിരുന്നു അദ്ദേഹം.റിലീസ് ചെയ്യാനിരിക്കുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിലാണ് കണ്ണന്‍ പട്ടാമ്പി അവസാനം അഭിനയിച്ചത്.

നടനെന്നതോടൊപ്പം അണിയറ പ്രവര്‍ത്തകനായും സിനിമയില്‍ സജീവമായിരുന്ന കണ്ണന്‍ പട്ടാമ്പി, മേജര്‍ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവന്‍, കെ.ജെ. ബോസ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.