കണ്ണൂര്‍: വോട്ടര്‍മാര്‍ ആരും മടിച്ച് നിന്നില്ല. പൊള്ളുന്ന ചൂടിലും വോട്ട് ചെയ്യാന്‍ അവര്‍ വീണ്ടുമെത്തി. പോളിംഗ് ശതമാനത്തില്‍ മുന്നേറി പുതിയങ്ങാടിയും പാമ്പുരുത്തിയും.

കണ്ണൂരില്‍ റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ ഉച്ച കഴിഞ്ഞപ്പോള്‍ 58.36 ശതമാനമാണ് പോളിംഗ്. ആറിടത്തായി നടക്കുന്ന വോട്ടെടുപ്പില്‍ സ്ത്രീകളുള്‍പ്പെടെ രാവിലെ മുതല്‍ തന്നെ ബൂത്തിലെത്തി. മൂന്ന് മണിയാകുമ്പോഴേക്കും കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ പെട്ട കല്ല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലെ ബൂത്ത് നമ്പര്‍ 70ല്‍ 59.14 ശതമാനവും ബൂത്ത് നമ്പര്‍ 69ല്‍ 52.84 ശതമാനവുമാണ് പോളിംഗ്. ഇതേ മണ്ഡലത്തിലെ പിലാത്തറ എയുപി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 19ല്‍ 61.78 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

കണ്ണൂര്‍ മണ്ഡലത്തില്‍ പെട്ട തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166ാം നമ്പര്‍ ബൂത്തില്‍ 57.49 ശതമാനമാണ് പോളിംഗ്. ധര്‍മ്മടം മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്‌കൂളിലെ 52ാം നമ്പര്‍ ബൂത്തില്‍ 66.48ശതമാനവും 53ാം നമ്പര്‍ ബൂത്തില്‍ 52.22 ശതമാനവുമാണ് പോളിഗ്. രാവിലെ ഏഴ് മുതല്‍ തന്നെ എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട വരിയായിരുന്നു.