crime

എട്ടാം ക്ലാസുക്കാരി ജീവനൊടുക്കിയ സംഭവം; അധ്യാപിക ശകാരിച്ചതില്‍ മനംനൊന്ത്, ടീച്ചര്‍ക്കെതിരെ അന്വേഷണം

By webdesk14

February 11, 2023

കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികക്കെതിരെ അന്വേഷണം. പെരളശ്ശേരി എകെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ റിയ പ്രവീണ്‍ ആണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കത്തില്‍ അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതിയിട്ടുണ്ട്. സ്‌കൂളിലെ ചുവരില്‍ മഷിയാക്കിയതിന് അധ്യാപിക ശകാരിച്ചതില്‍ വിഷമിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേസില്‍ അധ്യാപികയുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. റിയ ക്ലാസിലെ ഡെസ്‌ക്കിലും ചുവരിലും പേനയിലെ മഷി തേച്ചെന്ന് പറഞ്ഞ് അധ്യാപിക ശകാരിച്ചിരുന്നു. കയ്യില്‍ മഷി ആയപ്പോള്‍ അറിയാതെ സംഭവിച്ചതാണെന്ന് പറഞ്ഞിട്ടും രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്ന് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് അധ്യാപിക പറഞ്ഞു. ഇതോടെ കുട്ടി വലിയ മാനസിക സമ്മര്‍ദ്ദത്തിലായി. സ്‌കൂള്‍ വിട്ട് മുറിയിലെത്തിയ റിയ ജനലില്‍ ഷാള്‍ക്കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.