രാഷ്ട്രീയ എതിരാളികളെ കഠാര കൊണ്ടു നേരിടുന്ന രീതിക്ക് കണ്ണൂരില്‍ മാറ്റം. മാരകമായ മുറിവുണ്ടാക്കുന്ന ചെറിയ ആയുധം ഉപയോഗിക്കുന്ന രീതിയാണ് ജില്ലയില്‍ വ്യാപകമാവുന്നത്. ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന വളരെ ചെറിയ ബ്ലേഡാണ് നേരിട്ടുള്ള രാഷ്ട്രീയ അക്രമങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം അഴീക്കോട് സി.പി.എം -പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്റെ വയറ്റിലുണ്ടായ ആഴത്തിലുള്ള പരിക്ക് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ടുള്ള മുറിവാണെന്നു പരിശോധനയില്‍ കണ്ടെത്തി. വെറും 15 രൂപയ്ക്കു വാങ്ങാവുന്ന ഇത്തരം ബ്ലേഡുകള്‍ കൊണ്ടു നടക്കാന്‍ എളുപ്പമാണെന്നതിനാല്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്നതു പതിവായിട്ടുണ്ട്. ആര്‍ക്കും എങ്ങിനെയും എപ്പോഴും കൊണ്ടു നടക്കാനാവുന്നു എന്നതിനോടൊപ്പം എതിരാളികളുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കാനും ഇതു കൊണ്ട് കഴിയും.
നേരത്തെ തളാപ്പിലെ സുശീല്‍കുമാറിനു നേരെയുണ്ടായ അക്രമത്തിലും സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ മറ്റു ആയുധങ്ങള്‍ കൊണ്ട് മുറിവേറ്റിരുന്നെങ്കിലും അവ സുഖപ്പെട്ടെങ്കിലും ബ്ലേഡ് കൊണ്ട് വയറ്റിലുണ്ടാക്കിയ മുറിവ് ഉണങ്ങിയിരുന്നില്ല. ഡോക്ടര്‍മാര്‍ മുറിവ് തുന്നിക്കെട്ടാന്‍ പോലും ഏറെ പ്രയാസപ്പെട്ടിരുന്നു.
രാഷ്ട്രീയ സംഘര്‍ഷത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള പുതിയ മാര്‍ഗമാണ് കണ്ണൂരില്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വളരെ ചെറിയ ആയുധമായതിനാല്‍ സംഘര്‍ഷ സ്ഥലത്തു പോലും കൊണ്ടു നടക്കാന്‍ കഴിയുന്നതും പരിശോധന ഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ കഴിയുന്നു എന്നതുമാണ് സര്‍ജിക്കല്‍ ബ്ലേഡിലേക്ക് അക്രമികള്‍ തിരിയാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. നേരിട്ടുള്ള രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഇത്തരം ആയുധം കൊണ്ട് മുറിവേറ്റവര്‍ പരാതി നല്‍കാന്‍ തയ്യാറാവാറില്ല. ഇതിനാല്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിക്കുന്നതിന്റെ വ്യാപ്തി വ്യക്തമായി അറിയാനായിട്ടില്ല.