തിരുവനന്തപുരം: നികുതി വെട്ടിച്ച് ആഡംബര വാഹനം ഉപയോഗിക്കുന്നതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍, നടി അമലാ പോള്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുള്ളത്. ഏഴുദിവസത്തിനകം രേഖകള്‍ സഹിതം ഹിയറിങ്ങിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇരുവരും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം റജിസ്റ്റര്‍ ചെയ്തതിലൂടെ ലക്ഷക്കണക്കിന് രൂപ നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. കാരാട്ട് ഫൈസല്‍ തന്റെ മിനി കൂപ്പര്‍ കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 10 ലക്ഷം നികുതി വെട്ടിച്ചുവെന്നാണ് ആരോപണം. അമലാപോള്‍ ബെന്‍സ് എസ് ക്ലാസ് കാറാണ് നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരുകോടി പന്ത്രണ്ട് ലക്ഷം വിലമതിക്കുന്ന കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് 20 ലക്ഷമാണ് നികുതിയിനത്തില്‍ നഷ്ടപ്പെട്ടത്.

കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ റജിസ്‌ട്രേഷന്‍ മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം. റജിസ്‌ട്രേഷന്‍ മാറ്റാതെയോ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ വാഹനം നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. മാത്രമല്ല പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ ഇവര്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രത യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ കാരാട്ട് ഫൈസലിന്റെ കാറുപയോഗിച്ചത് വിവാദമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഈ വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കുന്നത്.