Culture

കരിപ്പൂരിന്റെ ചിറകരിയില്ല

By chandrika

July 14, 2018

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഈ മാസം തന്നെ ഇത് സംബന്ധിച്ച അനുമതി ലഭ്യമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥരും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നലെ രാവിലെ എം.പി ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസ റാവുവും, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ റാസ അലി ഖാനുമാണ് ഇന്നലെ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയത്. വ്യോമയാന മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ വിമാനത്താവള ഡയറക്ടര്‍ക്കും ഉടന്‍ തന്നെ വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് എം.പി വ്യക്തമാക്കി. കരിപ്പൂരില്‍ നിന്ന് സഊദി സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ എയര്‍ ഇന്ത്യയും ആരംഭിച്ചിട്ടുണ്ട്. ജിദ്ദ സര്‍വീസ് ആരംഭിച്ചാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സ്വാഭാവികമായും കരിപ്പൂരിലേക്ക് വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഊദി എയര്‍ലൈന്‍സിന് കരിപ്പൂരില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം 31നകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡയറക്ടര്‍ ശ്രീനിവാസ റാവു അറിയിച്ചു. ഭൂമി ലഭ്യമാകുന്നതിനനുസരിച്ച് വിമാനത്താവള വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള ഉപദേശ സമിതി അംഗം ഖൈരു അബ്ദുല്‍ റഹീം പട്ടര്‍ക്കടവനും യോഗത്തില്‍ സംബന്ധിച്ചു.