kerala

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

By Test User

August 17, 2020

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനപകടത്തില്‍ പരിക്കറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരന്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഭാര്യ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അരവിന്ദാക്ഷന്റെ മരണത്തോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.

ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച് അപകടമുണ്ടായത്.