Culture

‘നിയമസഭയുടെ അധികാരത്തില്‍ കൈ കടത്തുന്നു’; സുപ്രിം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്

By chandrika

July 17, 2019

ന്യൂഡല്‍ഹി: കര്‍ണാടക കേസിലെ സുപ്രിം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. വിപ്പ് അസ്ഥിരപ്പെടുത്തുന്ന സുപ്രിം കോടതി വിധി കൂറുമാറിയ എംഎല്‍എമാര്‍ക്കു സംരക്ഷണം നല്‍കുന്നതാണ്. നിയമസഭയുടെ അധികാരത്തില്‍ കൈ കടത്തുന്ന വിധിയാണ് സുപ്രീംകോടതിയുടേതെന്ന് പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. മോശമായ ജുഡീഷ്യല്‍ കീഴ് വഴക്കം സൃഷ്ടിക്കുന്നതാണ് വിധിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

വിപ്പ് അസ്ഥിരപ്പെടുത്തുന്നതും അതുവഴി പത്താംപട്ടികക്കു വിരുദ്ധവുമാണ് സുപ്രിം കോടതി ഉത്തരവെന്ന് സുര്‍ജേവാല കുറ്റപ്പെടുത്തി. ഭീകരമായ കീഴ് വഴക്കമാണ് ഈ വിധി സൃഷ്ടിക്കുന്നത്.

ജനവിധിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എംഎല്‍എമാര്‍ക്ക് കണ്ണടച്ചു സംരക്ഷണം നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നത്. വിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ നിയമ നിര്‍മാണ സഭയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയാണ് കോടതി ചെയ്തത്. ഇത് അധികാര പരിധി വിട്ടുള്ള കടന്നുകയറലാണ്‌സുര്‍ജേവാല പറഞ്ഞു.

കര്‍ണ്ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും സുപ്രീംകോടതി വിധിക്കെതിരെ രംഗത്തെത്തി. സുപ്രീംകോടതിവിധി ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു.