പാര്‍ലമെന്റില്‍ പ്രതിഷേധ മുദ്രാവാക്യ വിളിയില്‍ പങ്കാളിയായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി ശ്രമങ്ങള്‍ക്കെതിരെ സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മുദ്രാവാക്യം ഉയര്‍ന്നപ്പോഴാണ് രാഹുലും അത് ഏറ്റുവിളിച്ച്. കര്‍ണാടക വിഷയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയാണ് കര്‍ണാടക വിഷയം സഭയില്‍ ഉന്നയിച്ചത്. കര്‍ണാടകയില്‍ ബിജെപി മറ്റുപാര്‍ട്ടികളിലെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുകയാണെന്നാരോപിച്ചാണ് ചൗധരി ചര്‍ച്ച ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ ഓം ബിര്‍ള അനുവാദം നല്‍കാത്തതാടെ ചൗധരി പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിലാണ് വയനാട് എംപിയായി രാഹുലും പങ്കുചേര്‍ന്നത്. 17ാം ലോക്‌സഭയില്‍ ആദ്യമായാണ് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്.

ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ എത്തിയത്. അധിര്‍ ചൗധരിക്ക് തൊട്ടടുത്തായിരുന്നു രാഹുലിന്റെ ഇരിപ്പിടം. പ്രതിപക്ഷം കര്‍ണാടകത്തില്‍ ബിജെപി ഭരണകക്ഷി എംഎല്‍എമാരെ വിലയ്ക്കെടുക്കുകയാണെന്ന് ചൗധരി സഭയില്‍ ആരോപിച്ചു. എന്നാല്‍ ഞായറാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്തും രാജ്നാഥ് സിംഗ് മറുപടി നല്‍കിയതുമാണെന്നാണ്് സ്പീക്കര്‍ മറുപടി നല്‍കിയത്. ഇത് അംഗീകരിക്കാന്‍ തയ്യാറാവാത്ത ചൗധരി ജനാധിപത്യം സംരക്ഷിക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. തുടര്‍ന്ന് പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ഏകാധിപത്യം തുലയട്ടെ (തനാഷാഹി ബന്ദ് കരോ),
വേട്ടയാടലിന്റെ രാഷ്ട്രീയം തുലയട്ടെ, തുലയട്ടെ… (ഷിക്കര്‍ കി രജനീതി ബന്ദ് കരോ, ബന്ദ്് കരോ), എന്നായിരുന്നു മുദ്രാവാക്യം.

ഇതോടെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരുന്നു.

“ഇന്ന് അത് കര്‍ണാടകയാണ്, നാളെയത് മധ്യപ്രദേശാവും,
വേട്ടയാടലിന്റെ രാഷ്ട്രീയം തുലയട്ടെ,
ഉന്നംവെക്കുന്ന രാഷ്ട്രീയം തുലയട്ടെ.”
ചൗധരി വിളിച്ച മുദ്രാവാക്യം എംപിമാര്‍ ഏറ്റുവിളിച്ചു.

പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. എന്നാല്‍ സ്പീക്കര്‍ അതിനെതിരെ മുന്നറിയിപ്പ് നല്‍കി. ഇത് തങ്ങളുടെ അവകാശമാണ് എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്പീക്കറുമായുളള വാക്ക് തര്‍ക്കത്തിനൊടുവില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌ക്കരിച്ചു.