News

കേന്ദ്രത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍; മുഴുവന്‍ പഞ്ചായത്ത് ഓഫീസുകള്‍ക്കും ഇനി ഗാന്ധിജിയുടെ പേര് ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

By Akhila

January 28, 2026

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് ഓഫീസുകളുടെയും പേരിന് മുന്‍പ് മഹാത്മാ ഗാന്ധിയുടെ പേര് ചേര്‍ക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം. പദ്ധതിയുടെ പേര്, രൂപ മാറ്റത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കവെയാണ് കര്‍ണാടക സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ‘MGNREGA ബച്ചാവോ സംഗ്രാം’ എന്ന പേരില്‍ കര്‍ണാടക സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ രൂക്ഷമായ ഭാഷയിലാണ് സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്. മഹാത്മാ ഗാന്ധിയുടെ പേരുള്ളത് ബിജെപി സര്‍ക്കാരിന് സഹിക്കാന്‍ പോലും കഴിയുന്നില്ല. ജനങ്ങളുടെ മനസിനെ കബളിപ്പിക്കാന്‍ വേണ്ടി പദ്ധതിക്ക് അവര്‍ മനഃപൂര്‍വം റാം എന്ന പേര് നല്‍കി. പാവപ്പെട്ടവര്‍ ഇപ്പോഴും പാവപ്പെട്ടവരായിത്തന്നെ ഇരിക്കണം എന്നാണ് ബിജെപിയുടെ ലക്ഷ്യം. ആര്‍എസ്എസ് പിന്തുണച്ച പരിപാടികളെപ്പോലും ബിജെപി തഴയുന്നത് അതിനാണ് എന്നും സിദ്ധരാമയ്യ ആഞ്ഞടിച്ചു.

പരിപാടിയില്‍ സംസാരിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. ‘പദ്ധതിയെ മാറ്റിമറിക്കുന്നതിലൂടെ ഗ്രാമ പഞ്ചായത്തുകളുടെ അധികാരത്തെയും, പാവങ്ങളുടെ തൊഴിലിനെയും ബിജെപി അപഹരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയും ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രസര്‍ക്കാര്‍ 11 കോടിയോളം വരുന്ന ഗ്രാമീണതൊഴിലാളികളുടെ ഉപജീവനം തകര്‍ത്തുവെന്ന് സുര്‍ജേവാല പറഞ്ഞു. പുതിയ നിയമം പ്രകാരം, സംസ്ഥാനങ്ങള്‍ പദ്ധതിയുടെ 40% തുക വകയിരുത്തണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി പരിഷ്‌കരണം നടപ്പിലാക്കിയത് മൂലം സംസ്ഥാനങ്ങളുടെ കയ്യില്‍ പണമില്ല. കര്‍ണാടകയ്ക്ക് മാത്രം 70,000 കോടി രൂപയാണ് കേന്ദ്രം നല്‍കാനുള്ളത് എന്നും സുര്‍ജേവാല പറഞ്ഞു.