india

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി

By webdesk18

May 04, 2025

ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എന്‍ഐഎ അന്വേഷണം ആവശ്യമുള്ളതായി തോന്നുന്നില്ല. തങ്ങളുടെ പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സുഹാസ് ഷെട്ടിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നത്. കുടുംബത്തിന് നീതി ഉറപ്പാക്കും’ – മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് ബജ്റംഗ് ദള്‍ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, നാഗരാജ് അബ്ദുല്‍ സഫ്വാന്‍, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മില്‍, ഖലന്ദര്‍ ഷാഫി, ആദില്‍ മെഹ്റൂസ്, മുഹമ്മദ് റിസ്വാന്‍, എന്നിവരാണ് അറസ്റ്റിലായത്.