india

കരൂർ ദുരന്തം: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

By sreenitha

January 12, 2026

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്. മൊഴിയെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തിയിട്ടില്ലെന്നാണ് വിവരം.

കരൂർ പരിപാടിയുടെ പൂർണ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിച്ചിരുന്നതെന്ന്, പരിപാടിക്ക് ലഭിച്ച അനുമതികൾ എന്തൊക്കെയാണെന്ന്, തദ്ദേശ ഭരണകൂടവുമായി മുൻകൂട്ടി അപകടസാധ്യത വിലയിരുത്തിയിരുന്നോയെന്ന് ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് സിബിഐ വിജയിയോട് ഉന്നയിച്ചത്. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നോയെന്നും, വേദിയിൽ ഏഴു മണിക്കൂർ വൈകിയെത്തിയതിന്റെ കാരണമെന്തെന്നും അന്വേഷണ സംഘം ചോദിച്ചു.

അപകടത്തെക്കുറിച്ച് വിജയ് അറിഞ്ഞ സമയം, വേദിയിൽ എത്തിച്ചേർന്നതും മടങ്ങിയതുമായ കൃത്യമായ സമയക്രമം തുടങ്ങിയ കാര്യങ്ങളിലും സിബിഐ വിശദീകരണം തേടി. മൊഴിയെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ വിജയ് നാളെ വൈകിട്ടോടെ ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം.