india

കരൂര്‍ ദുരന്തം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബര്‍ അറസ്റ്റില്‍

By webdesk17

September 30, 2025

ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുട്യൂബര്‍ ഫെലിക്‌സ് ജെറാള്‍ഡ് അറസ്റ്റില്‍. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് ഇയാളെ പിടികൂടിയത്.

റെഡ്പിക്‌സ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ജെറാള്‍ഡ്, ദുരന്തവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് ആരോപണം. ഇതേ സമയം, ദുരന്തത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് തിങ്കളാഴ്ച 25 പേരെതിരെയും കേസെടുത്തിരുന്നു. പൊതുസമാധാനം തകര്‍ക്കുകയും സംഘര്‍ഷം രൂക്ഷമാക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളാണ് അധികാരികളുടെ നടപടിക്ക് കാരണമായത്.

അതിനിടെ, കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു. വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരന്തത്തിന് സെന്തില്‍ ബാലാജിയാണ് കാരണം എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന്റെ ആദ്യ അറസ്റ്റ് കരൂരില്‍ നടന്നു. ടിവികെ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് പിടികൂടിയത്. അതേസമയം, ‘വിജയിനെ ഉടന്‍ അറസ്റ്റ് ചെയ്യണം’ എന്ന ആവശ്യവുമായി സ്ഥാപിച്ച പോസ്റ്ററുകള്‍ വിജയ് അനുകൂലികള്‍ വ്യാപകമായി നശിപ്പിച്ചു.