കരൂര്‍: നടനും ടിവികെ അധ്യക്ഷനുമായ വിജയിന്റെ കരൂര്‍ റാലിയില്‍ 41 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഡിഎംകെ എം.എല്‍.എയും മുന്‍ മന്ത്രിയുമായ വി. സെന്തില്‍ ബാലാജി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
”വിജയ് ഏഴ് മണിക്കൂര്‍ വൈകാതെ സമയത്ത് വേദിയിലെത്തിയിരുന്നെങ്കില്‍ ഇത്തരം ദുരന്തം സംഭവിക്കുമായിരുന്നില്ല. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്, എന്നാല്‍ നേതൃപരമായ ഉത്തരവാദിത്വക്കുറവാണ് ഇതിന് കാരണം,” എന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തത്തിന് പിറ്റേ ദിവസം വേലുസാമിപുരത്ത് ഏകദേശം 1,000-2,000 ചെരിപ്പുകള്‍ റോഡില്‍ കിടക്കുന്നതായി കണ്ടെന്നും, ”പക്ഷേ ഒരു വെള്ളക്കുപ്പി പോലും ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണ്,” എന്നും സെന്തില്‍ ബാലാജി കൂട്ടിച്ചേര്‍ത്തു.
മരിച്ച 41 പേരില്‍ 39 പേരും കരൂരില്‍ നിന്നുള്ളവരാണെന്നും, ഭാവിയില്‍ ഏത് പാര്‍ട്ടിയുടെ പരിപാടിയാണെങ്കിലും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംയുക്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിയിലാണ് തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ദുരന്തത്തിന് കാരണം മുന്‍ മന്ത്രിയും കരൂര്‍ എംഎല്‍എയുമായ സെന്തില്‍ ബാലാജിയും പൊലീസാണെന്നും വ്യാപക വിമര്‍ശനമുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ പ്രാദേശിക ടിവികെ നേതാവ് ആത്മഹത്യ ചെയ്തതുമാണ് പിന്നീട് വിവാദമാകുന്നത്.